വിമാനങ്ങൾ ഉത്ഭവം കൊണ്ടത് എങ്ങനെയാണ് ?
ബലൂൺ ഊതിപറപ്പിച്ച് കളിക്കാത്തവർ ആരും ഉണ്ടാവില്ല. ഊതിവീർപ്പിച്ച ബലൂൺ വിട്ടാൽ അത് അന്തരീക്ഷത്തിൽ പാറിപ്പോകും. പറക്കുന്ന ബലൂണിൽ എന്തുകൊണ്ടു സഞ്ചരിച്ചു കൂടാ? പലരും ചിന്തിച്ചു. ലൂനാർഡി എന്ന ഇറ്റലിക്കാരൻ ഈസാഹസത്തിനു മുതിർന്നു. 1784- ൽ അദേഹം ഇംഗ്ളണ്ടിൽ വച്ച് ബലൂൺ യാത്ര നടത്തി. 48 കിലോമീറ്റർ അകലെയാണ് അദ്ദേഹത്തിന് ഇറങ്ങാൻ കഴിഞ്ഞത്. ബലൂണിൽ ഉയർന്ന ആദ്യത്തെ ഇന്ത്യാക്കാരൻ ജോസഫ് ലീൻ ആണ്. ഇദ്ദേഹം 1877 ൽ ബോംബെയിൽ വച്ചാണ് ഈ പരിപാടി നടത്തിയത്. ബലൂൺ കാറിന്റെ ഗതിക്ക് അനുസരിച്ചേ സഞ്ചരിക്കയുള്ളു. അതു കൊണ്ട് ഇത് ഗതാഗതത്തിന് അത് പറ്റിയതല്ല. അന്തരീക്ഷ സ്ഥിതി പഠിക്കാനും വിനോദത്തിനും മാത്രാമാണ് ഇന്ന് ബലൂൺ യാത്ര നടത്തുന്നത്. വളരെ വലിയ ഈ ബലൂണുകൾ പ്ലാസ്റ്റിക്കോ പ്രത്യേകതരം റബ്ബറോ കൊണ്ട് നിർമിക്കുന്നു.
പറക്കുന്ന ബലൂണുകളുടെ ഗതി ഏതെങ്കിലും ഉപകരണങ്ങളുടെ സഹായത്താൽ നിയന്ത്രിക്കാമെന്ന് വയ്ക്കുക അപ്പോൾ ആകാശക്കപ്പൽ ആയി. 1852ൽ ഗിഫാർഡ് ഒരു ചെറിയ ആവിയന്ത്രംഘടിപ്പിച്ച് ബലൂണുകളുടെ ഗതി നിയന്ത്രിച്ചു. മനുഷ്യർക്ക് ഇരിക്കാനുള്ള തൊട്ടിൽ ബലൂണിൻറ പുറമേയാണ് ഘടിപ്പിക്കുന്നത്.
ഒന്നാം ലോക മഹായുദ്ധത്തിൽ ഇവയും പങ്കെടുത്തു. കൗണ്ട്സെപ്പലീൻ ആകാശക്കപ്പലുകൾ പരിഷ്കരിച്ചു. സെപ്പലിൻ വർക്സ് എന്ന പേരിൽ ഒരു ആകാശക്കപ്പൽ നിർമാണക്കമ്പനിയും അദ്ദേഹം തുടങ്ങി. ഇത്തരം ആകാശക്കപ്പലുകൾക്ക് പിന്നീട് സെപ്പലിൻ എന്ന പേര് കിട്ടി.
ഇവ വിമാനങ്ങളെപ്പോലെ നിലത്ത് ഇറങ്ങില്ല. ഉയർന്ന വിമാനസ്തംഭങ്ങളിൽ ഇറക്കി നങ്കൂരം ഇട്ടശേഷമേ യാത്രക്കാരെ ഇറക്കാനാവൂ. ഇതിന് വേഗത കുറവാണ്. എന്നാൽ അപകടസാധ്യത കൂടുതലും. വിമാനങ്ങൾ വന്നതോടെ ആകാശക്കപ്പലുകളുടെ കാലം കഴിഞ്ഞു.
വിമാനം എന്ന്, ആര് നിർമിച്ചു? ഭാരതീയ പുരാണങ്ങളിൽ വിമാനത്തെപ്പറ്റി പറയുന്നുണ്ട്. അതെ രാവണന്റെ പുഷ്പക വിമാനം. രാമായണം എഴുതിയത് അനവധി നൂറ്റാണ്ടുകൾക്കു മുമ്പാണ്. അന്നു വിമാനം ഉണ്ടായിരുന്നുവോ? ഉണ്ടാവാൻ ഇടയില്ല. വിമാനങ്ങൾ പറപ്പിക്കാൻ തുടങ്ങിയത് പോലും കഴിഞ്ഞ നൂറ്റാണ്ടിലാണ്. വിമാനം ആദ്യമായി നിർമിച്ചു യാത്ര ചെയ്തത് അമേരിക്കയിലെ റൈററ് സഹോദരന്മാരാണ്. വിൽബർ റൈററും ഓർവിൽ റൈററും. സൈക്കിൾ നന്നാക്കലായിരുന്നു ഇവരുടെ തൊഴിൽ. ആദ്യം ഗ്ളൈഡറിലാണ് പരീക്ഷണം തുടങ്ങിയത്. 1903 ഡിസംബറിൽ റൈറ്റ് സഹോദരൻമാർ എൻജിൻ ഘടിപ്പിച്ച വിമാനത്തിൽ ആകാശ സഞ്ചാരം നടത്തി.
ഇവർ വിമാനം നിർമിക്കുന്നതിനു ഉള്ള അവകാശം ഫ്രാൻസിലെ ഒരു സ്വകാര്യ കമ്പനിക്കു വിറ്റു. സുരക്ഷിതമായ വിമാനങ്ങൾ നിർമ്മിച്ചതോടെ അതിദൂരത്തിലും അതി വേഗത്തിലും പറന്ന് റെക്കോർഡ് നേടാനുള്ള ശ്രമമായി.
1909 ൽ ലൂയിസ് ബ്ളെറിയട് ഇംഗ്ളീഷ് ചാനലിനു കുറുകെ പറന്നു. അറ്റ്ലാൻറിക് ആദ്യം തരണം ചെയ്തത് 1927 ൽ ലിൻ ഡ്ബർഗ് ആണ്. അദ്ദേഹം 33 മണിക്കുർ കൊണ്ട് 4830 കിലോമീറ്റർ പറന്നു. എന്നാൽ ഇന്ത്യയിൽ ആദ്യമായി വിമാനം ഉപയോഗിച്ചത് തപാൽ കൊണ്ടു പോകുന്നതിനായിരുന്നു. 1932 ഒക്ടോബറിൽ ജെ. ആർ. ഡി. ടാറ്റ കറാച്ചിയിൽ നിന്ന് ഡൽഹിയിലേയ്ക്ക് വിമാനം പറപ്പിച്ചു. ഇതിൽ തപാലുരുപ്പടികളേ ഉണ്ടായിരുന്നുള്ളു. അന്ന് പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് തപാൽ ഉരുപ്പടികൾ കപ്പലിലാണ് കറാച്ചിയിൽ എത്തിച്ചിരുന്നത്.
ഇന്ത്യയിൽ ആദ്യമായി വന്നിറങ്ങിയതും സർവീസ് നടത്തിയതും ബി.എ.സി. (ബ്രിട്ടീഷ് ഓവർസീസ് എയർവേസ് കോർപ്പറേഷൻ) വക കോമറ്റ് ജെറ്റുകളാണ്. ഇന്ത്യയിൽ വ്യോമയാത്ര സംഘടിപ്പിച്ചു നിയന്ത്രിക്കുന്ന സ്ഥാപനങ്ങളാണ് ഇന്ത്യൻ എയർലൈൻസും എയർഇന്ത്യാ കോർപ്പറേഷനും. ആദ്യത്തേത് ഇന്ത്യയ്ക്കകത്തും രണ്ടാമത്തേത് വിദേശങ്ങളിലേയ്ക്കും സർവീസ് നടത്തുന്നു. ഇന്ത്യ ആദ്യമായി ബോയിംഗ് വാങ്ങിയത് 1960-ൽ ആണ്. ലണ്ടൻ, ന്യൂ യോർക്ക്, മോസ്കോ, ടോക്കിയോ, നയ്റോബി തുടങ്ങി അനവധി രാജ്യങ്ങളിലേയ്ക്ക് നാം സർവീസ് നടത്തുന്നു.
ബാംഗ്ളൂരിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, കാൺപൂരിലെ എയർക്രാഫ്റ്റ് ഫാക്ടറി എന്നിവിട ങ്ങളിലായി യുദ്ധവിമാനങ്ങളും യാത്രാവിമാനങ്ങളും ഇന്ത്യ നിർമിക്കുന്നു. 1961-ൽ എച്ച്. എഫ്. 24 എന്ന സൂപ്പർസോണിക് ജെറ്റ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽനിന്ന് പുറത്തിറങ്ങി.
Join the conversation